മൂലമറ്റം : പകൽ ചൂട് കനക്കുകയും ആഭ്യന്തര വൈദ്യുത ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. മഴക്കാലത്ത് 72 ശതമാനത്തിലധികം എത്തിയ ഡാമുകളിലെ ജലനിരപ്പ് നിലവിൽ 62 ശതമാനത്തിലേക്ക് എത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 62 ശതമാനത്തിലേക്ക് എത്തി. പമ്പ 56, ഷോളയാർ 83, ഇടമലയാർ 61, മാട്ടുപ്പെട്ടി 72, കുറ്റ്യാടി 84, പൊൻമുടി 54, നേര്യമംഗലം 55, ലോവർപെരിയാർ 68, പൊരിങ്ങൽ 49 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ പ്രധാന വൈദ്യുത വകുപ്പ് ഡാമുകളിലെ നിലവിലെ ജലനിരപ്പ്. സംസ്ഥാനത്തെ വൈദ്യുത വകുപ്പിന്റെ എല്ലാ ഡാമുകളിലും കൂടി 62 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 2555.363 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.
സംസ്ഥാനത്ത് വെള്ളിയാഴ്ച 89.38 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 22.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളത്തിൽ ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 67.23 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽ നിന്നും വാങ്ങി. വേനൽ കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിൽ നിന്നും രക്ഷ നേടാൻ ആഭ്യന്തര ഉൽപാദനം ഇനിയും വർധിപ്പിക്കേണ്ടതായും വരും. വേനൽചൂടിൽ നിന്നും രക്ഷ നേടാനായി എയർകണ്ടീഷണറുകളുടെയും ഫാനിന്റെയും ഉപയോഗം വരും ദിവസങ്ങളിൽ വർധിക്കും. വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.