തിരുവനന്തപുരം : രാഷ്ട്ര സേവനത്തിനായി ആർഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്ന് മുൻ ഡിജിപി ആര്‍ ശ്രീലേഖ. ഇന്നലെ നടന്ന ആർഎസ്എസ് പൂജപ്പുര നഗരത്തിന്റെ വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീലേഖ. കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. ദുഷ്ടശക്തികൾ രാജ്യത്തെ തകർക്കുന്നു. അവർക്കെതിരെ കരുതൽ വേണമെന്നും തിന്മക്കെതിരേയുള്ള പോരാട്ടത്തിൽ വടിയെടുക്കുന്നതിൽ തെറ്റില്ലെന്നും ശ്രീലേഖ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നു. ഇരുട്ട് അകറ്റി വെളിച്ചം കൊണ്ടുവരാൻ നമുക്കി വിജയദശമിദിനത്തിൽ കഴിയണമെന്നും ശ്രീലേഖ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ അറിയിച്ചിരുന്നു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാർട്ടിയിൽ ചേർന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.