റാന്നി: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ പ്രഖ്യാപിച്ച വീടിലാത്തവർക്ക് ഒരു വീട് എന്ന കാരുണ്യ ഭവന പദ്ധതി പ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്‌മാൻ പ്രൊവിൻസ് പണികഴിപ്പിച്ച കാരുണ്യ ഭവനം റാന്നി – മോതിരവയൽ സ്വദേശി ഷിനുവിനും കുടുംബത്തിനും നാളെ നല്‍കും. മരത്തിൽ നിന്ന് വീണ് സുഷുമ്‌നാ നാഡിയ്ക്ക് തകരാർ വന്ന് കിടപ്പിലായ ജീവിതം ദുരിതത്തിലായ ഷിനുവിനാണ് വീട് നല്‍കുന്നത്. 2013ല്‍ വിറക് ശേഖരിയ്ക്കാൻ വീടിനടുത്തുള്ള മരത്തിൽ കയറിയപ്പോൾ മരത്തിൽ നിന്ന് വീണാണ് ഷിനുവിന്‍റെ സുഷുമ്‌നാ നാഡി തകരാറിലായത്. കോട്ടയം മെഡിയ്ക്കൽ കോളേജ് ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും ദീർഘകാലമായി ചികിത്സയിലാണ് ഷിനു.
വൃദ്ധയായ മാതാവിനൊപ്പം ഒരു കൊച്ചു കുടിലിൽ വനാതിർത്തിയിൽ ജീവിയ്ക്കുന്ന ഷിനുവിൻ്റെ ഭാര്യയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ലഭിയ്ക്കുന്ന വരുമാനത്തിൽ നിന്നാണ് ഈ കുടുംബം കഴിയുന്നത്. ഈ വിവരം റാന്നിയിലെ പത്ര മാധ്യമങ്ങല്‍ റിപ്പോർട്ട് ചെയ്തതിലൂടെയാണ് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് ഈ വിഷയം ഏറ്റെടുക്കുന്നത്. അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുള അധ്യക്ഷത വഹിക്കും. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, അജ്‌മാൻ പ്രൊവിൻസ് ചെയർമാൻ തോമസ് ഉമ്മൻ, മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ട് എ.വി ബൈജു, ഡേവിഡ് ഗീവർഗീസ്, അനിതാ അനിൽ കുമാർ, വർക്കി ഏബ്രഹാം കാച്ചണത്ത്, ഭദ്രൻ കല്ലയ്ക്കൽ, അബു ഐ. കോശി പനച്ചിമൂട്ടിൽ, വർഗീസ് നാക്കോലിയ്ക്കൽ, ഷിബു തുണ്ടത്തിൽ എന്നിവർ പ്രസംഗിക്കും.