വിഴിഞ്ഞം : ലോകത്തിലെ എറ്റവും വലിയ കപ്പല്‍ അടുത്ത മേയില്‍ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ വിഴിഞ്ഞത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സംവിധാനങ്ങളായിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ പ്രവര്‍ത്തനപുരോഗതി കൃത്യമായി അറിയിക്കാന്‍ അദാനി പോര്‍ട്സ് കമ്പനിയോടും വിസിലിനോടും ആവശ്യപ്പെട്ടു. അടുത്ത മാസം 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനവും 2022 മാര്‍ച്ചില്‍ ഗേറ്റ് കോംപ്ലസിന്റെ ഉദ്ഘാടനവും സെപ്തംബറില്‍ തുറമുഖത്തെ വര്‍ക്ക്ഷോപ്പിന്റെ എല്ലാ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
2023 ഒക്ടോബറില്‍ 400 മീറ്റര്‍ ബര്‍ത്ത് പൂര്‍ണമായി നിര്‍മ്മിക്കും. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശംഖുംമുഖത്തും മറ്റ് കടല്‍ത്തീരത്തും പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.