ബംഗളൂരു: ഭാര്യവേർപിരിഞ്ഞ ദുഃഖത്തിൽ മകളേയും ഭാര്യയുടെ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവാവ്. കർണാടകയിലെ ചിക്മഗ്ളൂരു ജില്ലയിലാണ് സംഭവം. ഏഴ് വയസുകാരിയായ മകളും 50കാരിയായ ഭാര്യയുടെ അമ്മയും 26കാരിയായ സഹോദരിയേയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം വീടിന് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് പോയി ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യ രണ്ട് വർഷം മുമ്പ് മംഗളൂരുവിലേക്ക് പോയതിന് ശേഷം ഇയാൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന കുടുംബവഴക്കാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച സ്കൂൾവിട്ടുവന്ന ഏഴ് വയസുകാരിയായ മകൾ അമ്മയെ കുറിച്ച് ചോദിച്ചു. തുടർന്ന് രാത്രി ഒമ്പതരയോടെ മകളുമൊത്ത് ഭാര്യവീട്ടിലെത്തിയ യുവാവ് അവരുടെ അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സഹോദരിയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭാര്യയുമായി വേർപിരിയുന്നതിൽ ദുഃഖം രേഖപ്പെടുത്തി ഇയാൾ സെൽഫി വിഡിയോയും പങ്കുവെച്ചിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.