ആലുവ : ബൈക്കിലെത്തിയ യുവാവ് ആറായിരം രൂപയുടെ സിഗരറ്റും മറ്റുമായി പെട്ടിക്കടക്കാരനെ പറ്റിച്ച് കടന്നു കളഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തോട്ടക്കാട്ടുകര മണപ്പുറം റോഡില്‍ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂര്‍ കടേപിള്ളി കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എ. ആനന്ദനാണ് (71) തട്ടിപ്പിന് ഇരയായത്.
കെ.എല്‍ 44 എഫ്. 242 എന്ന നമ്പറിലുള്ള ബൈക്കിലാണ് പ്രതി എത്തിയത്. എന്നാല്‍, ഇത് വ്യാജ നമ്പറാകാമെന്നാണ് പോലീസ് കരുതുന്നത്. കടയിലെത്തിയ യുവാവ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6527 രൂപയ്ക്ക് സിഗരറ്റും കോഴിമുട്ടയും വാങ്ങി പണം നല്‍കാതെ കടന്നത്. ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെയും ചവിട്ടി താഴെ ഇട്ട് സര്‍വിസ് റോഡിലൂടെ മോഷ്ടാവ് കടന്നു. റോഡില്‍ തെറിച്ചുവീണ ആനന്ദനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.