ബെംഗളൂരു : വാഹന പരിശോധനയ്ക്കായി കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് ബോണറ്റിൽ കയറ്റി യുവാവ്. കേബിൾ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പോലീസിനെ വാഹനമിടിപ്പിച്ചത്. ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലീസുമായി 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യം പുറത്തുവന്നു. കർണാടകയിലെ ശിവമോഗയിൽ സഹ്യാദ്രി കോളേജിന് മുന്നിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ശിവമോഗ എസ്പി പറഞ്ഞു. പതിവ് പരിശോധനകൾ നടത്തുന്നതിനിടയിൽ ഭദ്രാവതിയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു.
വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് പോലീസുകാരൻ കാറിന് മുന്നിലേക്ക് കയറി നിന്നു. കാർ റോഡ് സൈഡിലേക്ക് നിർത്താൻ പോലീസ് ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ കാണാം. കാർ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച് പോലീസുകാരനും നടക്കുന്നുണ്ട്. എന്നിട്ടും കാർ നിർത്താതെ മുന്നോട്ടെടുത്തപ്പോൾ പോലീസുകാരനെ ഇടിച്ചു. കാറിനടിയിൽ പെടാതിരിക്കാൻ പോലീസുകാരൻ ബോണറ്റിൽ അള്ളിപ്പിടിച്ചു. 100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുൻ കാറുമായി കടന്നുകളഞ്ഞു. തലനാരിഴയ്ക്കാണ് പോലീസുകാരൻ രക്ഷപ്പെട്ടത്. മിഥുനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയ്ക്ക് താഴെ പല തരത്തിലുള്ള പ്രതികരണങ്ങൾ വന്നു. പോലീസുകാരനൊന്ന് നോക്കിയാൽ ആളുകൾ പാന്‍റ്സിൽ മൂത്രമൊഴിച്ചു പോവുന്ന കാലമുണ്ടായിരുന്നുവെന്ന് ഒരാൾ പ്രതികരിച്ചു. പോലീസിന് ഇത്രയും ശക്തിയില്ലാതായോ എന്നാണ് മറ്റൊരു പ്രതികരണം. ഇത്രയും ക്രിമിനലായ ഒരാൾ പിഴ ഒടുക്കിയതു കൊണ്ട് നേരെയാവില്ലെന്നും കനത്ത ശിക്ഷ നൽകണമെന്നും കമന്‍റുകളുണ്ട്.