കോയമ്പത്തൂർ: വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരാൻ ആവശ്യപ്പെട്ട ബാഡ്മിന്റൺ പരിശീലകനെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സെൻട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റൺ പരിശീലകനെയാണ് വ്യാഴാഴ്ച കോയമ്പത്തൂർ സെൻട്രൽ ഓൾ-വുമൺ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൗരിപാളയം സ്വദേശി ഡി അരുൺ ബ്രൺ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി അവിനാശി റോഡിലെ ഒരു സ്വകാര്യ സ്‌കൂളിൽ താത്കാലിക ബാഡ്മിന്റൺ പരിശീലകനായി ജോലി ചെയ്യുകയാണ് അരുണെന്ന് പോലീസ് അറിയിച്ചു. പ്ലസ് വൺ വിദ്യാർഥിനിയായ പതിനേഴുകാരിയോട് അരുൺ തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ അയക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി അവളുടെ സാധാരണ ഫോട്ടോ അയാൾക്ക് അയച്ചു. എന്നാൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ അയക്കാൻ ഇയാൾ ആവശ്യപ്പെട്ടു. പെൺകുട്ടി ഫോട്ടോ അയച്ചില്ല. പിന്നീട് സ്‌കൂൾ പരിസരത്ത് വസ്ത്രം മാറുന്നതിനിടെ പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പകർത്തി. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.
ഇവർ പോലീസിൽ പരാതി നൽകി. പോക്‌സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പരിശീലനകനെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റിനെ തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് ബാഡ്മിന്റൺ പരിശീലകന്റെ സേവനം അവസാനിപ്പിച്ചു. മറ്റ് അഞ്ച് പെൺകുട്ടികളോട് കൂടി ബാഡ്മിന്റൺ പരിശീലകൻ മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് വിവരം. അവരുടെ ചിത്രങ്ങളും തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കാൻ ആവശ്യപ്പെട്ടുവെന്നും ആരോപണമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.