ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് വഴിയേ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഘം പിടിയില്‍. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ മൂന്ന് പ്രതികളെയാണ് പിടികൂടിയത്. ഓഗസ്റ്റ് 14-ാം തീയ്യതി ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി ഓവര്‍ ബ്രിഡ്ജിനു സമീപത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയിരുന്നത്.
ബൈക്ക് മോഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇടനാട് ഭാഗത്ത് വഴിയെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവന്‍ വരുന്ന സ്വര്‍ണ്ണമാലയും പ്രതികള്‍ പൊട്ടിച്ചെടുത്ത് വില്‍പന നടത്തിയിരുന്നു. പത്തനംതിട്ട റാന്നി കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസ് (32), ചെങ്ങന്നൂര്‍ പാണ്ടനാട് അനുഭവനത്തില്‍ അനു (40), ഇയാളുടെ ഭാര്യ വിജിത വിജയന്‍ (25) എന്നിവരെയാണ് പിടികൂടിയത്. ബിനു തോമസ്, അനു എന്നീ പ്രതികള്‍ മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണ്ണം വിജിത വിജയനാണ് വില്‍പന നടത്തിയിരുന്നത്.