കോന്നി: ആരുവാപ്പുലം മുതുപേഴുങ്കലില്‍ പട്ടാപ്പകല്‍ വീട് തുറന്ന് കള്ളന്മാര്‍ സ്വര്‍ണ്ണം കവര്‍ന്നു. മുതുപേഴുങ്കല്‍ ഇലവിനാല്‍ വീട്ടില്‍ ബെന്‍സി മാത്യു – ലവ്‌സി ദമ്പതികളുടെ വീട്ടില്‍ ആണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആണ് സംഭവം ശ്രദ്ധയില്‍പെട്ടത്. രാവിലെ 9 മണിയോടെ ലവ്‌സി കോന്നിയിലേക്ക് പോയപ്പോള്‍ വീട് പൂട്ടി വീടിന്റെ കാര്‍പെറ്റിന് അടിയില്‍ താക്കോല്‍ വെച്ചിട്ടാണ് പോയത്. ഭര്‍ത്താവ് ബെന്‍സി മാത്യു വീടിന്റെ പറമ്പില്‍ കൃഷിപണിയില്‍ ഏര്‍പെട്ടിരുന്ന സമയത്താണ് മോഷണം നടന്നത്. താക്കോല്‍ എടുത്ത് അകത്ത് കടന്ന മോഷ്ടാവ് സ്വര്‍ണ്ണം കവര്‍ന്ന ശേഷം താക്കോല്‍ എടുത്ത സ്ഥാനത്ത് തന്നെ തിരികെ വെക്കുകയും ചെയ്തു.
അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍ തൂക്കം വരുന്ന മാല ആണ് മോഷ്ടാവ് അപഹരിച്ചത്. ലവ്‌സി വീട്ടില്‍ എത്തിയപ്പോള്‍ താക്കോല്‍ വെച്ചിരുന്ന സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വീട് തുറന്ന് അകത്ത് കടന്നപ്പോള്‍ ആണ് മാല മോഷണം പോയ വിവരം അറിയുന്നത്. വീടിനുള്ളിലെ സാധനങ്ങള്‍ അടക്കം മോഷ്ടാവ് വാരിവലിച്ച് ഇട്ടിരുന്നു.തുടര്‍ന്ന് വീട്ടുകാര്‍ കോന്നി പോലീസില്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് എസ് ഐ മാരായ രവീന്ദ്രന്‍, സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി.