ചെങ്ങന്നൂര്‍ : തനിച്ചു താമസിച്ച വീട്ടില്‍ നടന്ന മോഷണശ്രമത്തെ പ്രതിരോധിക്കാന്‍ വയോധികയായ വീട്ടമ്മ ഇലക്ട്രിക് ബാറ്റുകൊണ്ടടിച്ച് കള്ളനെ വീഴ്ത്തി. വീഴ്‌ചയില്‍ നിന്നെഴുന്നേറ്റോടിയ കള്ളനെ പിന്നീട് പോലിസ് അറസ്റ്റു ചെയ്തു.
ചെങ്ങന്നൂര്‍ ആലാ നെടുവരംകോട് സ്വദേശി ഊരാളി സുനിലാണ് പോലിസ് പിടിയിലായത്.
നെടുവരംകോട് തയ്യില്‍ സാറാമ്മ വര്‍ഗ്ഗീസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. എഴുപത് വയസ്സ് പ്രായമുള്ള സാറമ്മ ടി.വി കണ്ടു കൊണ്ടിരിക്കെ സുനില്‍ അടുക്കള വാതിലിലൂടെ മുറിയിലെത്തി. അലമാര തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് സാറാമ്മ മുറിയിലെത്തി. തന്റെ കൈയ്യിലിരുന്ന ഇലക്ട്രിക് ബാറ്റുകൊണ്ട് സുനിലിനെ ശക്തമായി തലങ്ങും വിലങ്ങും അടിച്ചു. ബാറ്റില്‍ നിന്നും ഷേക്കേറ്റ് നിലത്തു വീണ സുനില്‍ നിമിഷ നേരത്തിനകം എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം പുറത്തേക്ക് ഓടി രക്ഷപെട്ടു.
തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലിസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന സുലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുമ്പ് സാറമ്മയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന സുനില്‍, രണ്ടു വര്‍ഷം മുമ്പും ഇവിടെനിന്നും മാല മോഷ്ടിച്ചിട്ടുണ്ട്. അന്ന് പിടികൂടിയെങ്കിലും ക്ഷമ പറഞ്ഞതിനാല്‍ പോലിസില്‍ കേസ് നല്‍കിയിരുന്നില്ല. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.