പയ്യന്നൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു. ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്ന് ദേശീയപാതയില്‍ പുലര്‍ച്ച 3.15ഓടെയാണ് സംഭവം. കരിവെള്ളൂര്‍ പാലക്കുന്നിലെ നിര്‍മാണ തൊഴിലാളിയും കരിവെള്ളൂര്‍ ബസാറില്‍ കടല വ്യാപാരം നടത്തുകയും ചെയ്യുന്ന കെ. രാഘവന്റെ ഭാര്യ പി.വി. അമ്മിണിയുടെ മൂന്നേകാല്‍ പവന് മാലയാണ് കവര്‍ന്നത്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കണ്ണൂരിലെത്തിയ ഇരുവരും പുലര്‍ച്ച കൊല്ലൂരിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ പാലക്കുന്ന് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് പോകവേ പിന്നാലെ കൂടിയ ബൈക്കിലെത്തിയ സംഘമാണ് മാല കവര്‍ന്നത്. പുലര്‍ച്ച ദമ്ബതികള്‍ ഇരുട്ടില്‍ നടന്നുപോകുന്നതുകണ്ട് പിന്നാലെ ബൈക്കിലെത്തിയ സംഘം മൊബൈല്‍ ടോര്‍ച്ചിലെ വെട്ടം കാണിച്ചുകൊടുക്കുകയായിരുന്നു. ടോര്ച്ചെടുത്തില്ലേ എന്ന് ചോദിച്ചപ്പോള്‍ ബാഗിലുണ്ടായിരുന്ന ടോര്‍ച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മിണിയുടെ കഴുത്തില്‍നിന്ന് മാലപൊട്ടിച്ച് തൊട്ടകലെ കാത്തുനില്‍ക്കുകയായിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഇവരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്ഥലത്തെത്തിയ പോലീസ് പാലക്കുന്നിലെ പെട്രോള്പമ്ബിലെ നിരീക്ഷണ കാമറ പരിശോധിച്ചു. ദൃശ്യത്തില്‍ മോഷ്ടാക്കള്‍ ബൈക്കില്‍ അതിവേഗം കാലിക്കടവ് ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. ബൈക്ക് നമ്ബര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.