ആലപ്പുഴ: ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വീട്ടില്‍നിന്ന് 20 പവന് കവര്‍ന്ന കേസില്‍ എട്ടുമാസത്തിനുശേഷം പ്രതികള്‍ അറസ്റ്റില്‍. കൊറ്റംകുളങ്ങര തിരുനെല്ലിയില്‍ നിജീഷ് (33), കൊറ്റംകുളങ്ങര പൂജപറമ്പില് എസ്. വേണു (46) എന്നിവരെ നോര്‍ത്ത് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ഏപ്രില്‍ 30ന് കാളാത്ത് തോപ്പുവെളി ഭാഗത്തെ വീട്ടില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫ് തമിഴ്നാട് സ്വദേശി കുമാറും കുടുംബവും താമസിച്ചിരുന്ന വീടായിരുന്നു ഇത്. ലോക്ഡൗണിനിടെ ഭാര്യാസഹോദരന്‍ ഹൃദയാഘാതമുണ്ടായതോടെ കുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയി. തുടര്‍ന്ന് ക്വാറന്റീലായ ഇവര്‍ക്ക് മടങ്ങിവരാനായില്ല. ഈ സമയം വീട്ടുടമ പറമ്പിലേക്കെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിഞ്ഞത്. മുറിയില്‍ കറിമസാല പൗഡര്‍ വിതറിയിരുന്നു. ബാത്ത്റൂമിലെ വെന്റിലേഷന്റെ രണ്ട് ചില്ലുകളും ഊരിമാറ്റിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമ്പതിലധികം ഫിംഗര്‍ പ്രിന്റും സ്വര്‍ണം പണയപ്പെടുത്താന്‍ സാധ്യതയുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചുമാണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടിച്ച സ്വര്‍ണം ആലപ്പുഴയിലെയും ആലുവയിലെയും ജ്വല്ലറിലാണ് വിറ്റതെന്നും പോലീസ് കണ്ടെത്തി.
ജില്ല പോലീസ് മേധാവി പി.എസ്. സാബു, ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്. ജയരാജ്, ആലപ്പുഴ നോര്‍ത്ത് എസ്.എച്ച് ഒ. വിനോദ്, എസ്.ഐ ടോള്‍സണ്‍ ജോസഫ്, എസ് ഐ നെവിന്, എ.എസ്.ഐ മോഹന്‍കുമാര്‍, സൈബര്‍ വിദഗ്ധന്‍ എ.എസ്.ഐ സുധീര്‍, സി.പി.ഒമാരായ ബിനോജ്, വിഷ്ണു, സാഗര്‍, പ്രവീഷ്, ജോസഫ് ജോയ്, ഷിനോയ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.