ആലപ്പുഴ : ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ മാലയും ഒരുപവന്റെ വളയും മോഷ്ടാവ് കവർന്നു. ആലപ്പുഴ ചേർത്തല കളവംകോടത്താണ് സംഭവം. കളവംകോടം ചമ്പക്കാട്ടുവെളിയിൽ പത്മദാസന്റെ ഭാര്യ സുശീലയുടെ മാലയാണ് മോഷണം പോയത്. രണ്ടാമത്തെ വള മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുശീല ഉണർന്നു ബഹളം വെച്ചപ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
സുശീലയുടെ വീടിന് സമീപത്തെ വിജയന്റെ വീടിന്റെ പിൻവാതിൽ പൂട്ട് തകർത്തും മോഷണശ്രമമുണ്ടായി. വീട്ടുകാർ ഉണർന്നതോടെയാണ് കള്ളന്മാർ രക്ഷപ്പെട്ടത്. പുത്തൻതറ പ്രകാശൻ, താമരശേരിവെളി വിശ്വംഭരൻ, പുത്തൻതറ സാലി, സുമംഗലത്തു ഷക്കീല എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നു. പുലർച്ചെ തന്നെ ചേർത്തല പോലീസെത്തി വീടുകളിൽ നിന്നു തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.സി ടിവി കാമറയിൽ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്.