കൊച്ചി : ചേരാനെല്ലൂരില്‍ ജൂവലറി കുത്തിത്തുറന്ന് സ്വര്‍ണാഭരണളും പണവും കവര്‍ന്ന കേസിലെ പ്രതി ലാലു എന്നു വിളിക്കുന്ന ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂവലറി കുത്തിത്തുറന്ന് 105 പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തിനടുത്ത് രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ ജോസ്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ചേരാനെല്ലൂരിലെ ഗംഗ ജ്വല്ലറി കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നത്. നീണ്ടനാളായി കളമശേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു ഇയാള്‍ മോഷണത്തിനു ശേഷം ഈരാറ്റുപേട്ടയില്‍ പുതിയ വീട് വാടകയ്‌ക്കെടുത്തു.
കളമശേരിയിലെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനായി എത്തിയ സമയത്താണ് പോലീസ് പിടികൂടിയത്. സമീപ കാലത്തു സിറ്റിയില്‍ നടന്ന വലിയ മോഷണം ആയതിനാല്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രണ്ടു ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പിടികൂടി. യൂറോപ്പില്‍ നിന്നും അടുത്ത മാസം ഭാര്യയും മക്കളും നാട്ടിലെത്തുന്നു എന്നു പറഞ്ഞാണ് ഈരാറ്റുപേട്ടയില്‍ ഇയാള്‍ വീടെടുത്തത്. ഇയാള്‍ക്കെതിരെ ഹില്‍ പാലസ് സ്റ്റേഷനില്‍ കൊലപാതക കേസും, പുത്തന്‍ കുരിശ്, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ മോഷണ കേസും നിലവിലുണ്ട്. കോടതി റിമാന്റ് ചെയ്ത പ്രതിയെ കറുകുറ്റിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.