തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതി ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു.
വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പോലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. മാങ്ങമോഷണ കേസ് പോലീസ് സേനയ്ക്ക് തന്നെ അപമാനമായതോടെ കേസ് ഒത്ത് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇതിന് പിന്നാലെ കടയുടമ പോലീസുകാരനെതിരെയുള്ള പരാതി പിന്‍വലിക്കുകയായിരുന്നു.