തൃശൂര്‍: തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് വഴിയോര വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ മോഷണം. ആര്‍ത്താറ്റ് സ്വദേശിനി പാറക്കല്‍ വീട്ടില്‍ ഷിജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഓണവിപണി ലക്ഷ്യമാക്കി വാങ്ങിയ 50,000ത്തോളം രൂപ വിലവരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. ആര്‍ത്താറ്റ് പെട്രോള്‍ പമ്പിന് സമീപം തുണിയും ടാര്‍പ്പായയുംകൊണ്ട് നിര്‍മിച്ച കടയിലാണ് രാത്രിയില്‍ മോഷണം നടന്നത്. ഞായറാഴ്ചയായതിനാല്‍ വൈകിട്ട് മൂന്നോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഓണവിപണി ലക്ഷ്യംവച്ച് പല സ്ഥലങ്ങളില്‍നിന്നും കടം വാങ്ങിയാണ് ഉടമ കഴിഞ്ഞ ദിവസം കടയില്‍ പുതിയ സ്റ്റോക്ക് എത്തിച്ചത്. സമീപത്തെ പള്ളിയില്‍ പരിപാടി നടക്കുന്നതിനാല്‍ രാത്രി 12 വരെ പരിസര പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതിന് ശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കടയുടമയുടെ പരാതിയില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.