കായംകുളം : നഗരത്തില്‍ പോലീസ് സ്റ്റേഷന് സമീപത്തെ മൂന്ന് സ്കൂളുകളിലും സെന്‍റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് പള്ളിയിലും മോഷണം. കായംകുളം എൽ. പി. സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, യു. പി. സ്കൂൾ എന്നിവിടങ്ങളിലാണ് അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്നത്. സ്കൂളിന്‍റെ ക്ലാസ് മുറികളുടെയും മറ്റ് റെക്കോഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയി. അലമാര കുത്തിത്തുറന്ന് 19,600 രൂപ കവർന്നു.
ഗവ. ബോയ്സ് ഹൈസ്കൂളിൽ ഓഫീസ് മുറിയുടെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഇതുവഴി അകത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഓഫീസ് മുറിയിലെ ജനാല കുത്തിത്തുറന്ന് കമ്പിവളച്ച് മോഷ്ടാവ് അകത്ത് കടന്നു. ഇവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1,100 രൂപയും മോഷ്ടാവ് കവർന്നു. സെന്‍റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് പള്ളിയിലെ അൽത്താരയ്ക്ക് സമീപമുള്ള വാതിലിന്‍റെ പാളി കുത്തിയിളക്കി മോഷ്ടാവ് അകത്തുകയറി അലമാരകളും മറ്റും കുത്തിത്തുറന്നു. ഉള്ളിലുണ്ടായിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു.