തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് കടകള്‍ കുത്തിതുറന്ന് മോഷണം. ബാലരാമപുരം ദേശീയപാതക്കരികിലെ മൂന്ന് ജൂവലറികളിലും രണ്ട് തുണിക്കടകളിലുമാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു മോഷണം. കമ്പിപ്പാരയുമായി മുഖം മറച്ചുമെത്തിയ യുവാവാണ് മോഷണം നടത്തിയത്. ബാലരാമപുരം ദേശീയപാതയിലെ കണ്ണന്‍ ജുവലറിയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണവും സ്വര്‍ണ്ണാഭരണങ്ങളും, പത്മനാഭാ ജുവലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജുവലറിയില്‍ നിന്ന് സ്വര്‍ണാഭരണവും 50000 രൂപയുമാണ് മോഷ്ടിച്ചത്.
രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടവ് മോഷണ ശ്രമം നടത്തി. സമീപത്തെ റെഡിമെയ്ഡ് വസ്ത്ര ശാലയിലെയും പൂട്ട് തകര്‍ത്തിരുന്നു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സിസിടിവി ക്യാമറകളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.