മുംബൈ: ലോക്ക് ഡൗണിനിടെ ലക്ഷക്കണക്കിന് രൂപ കവര്‍ന്ന കേസില്‍ സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്ത, മോസിനാ മുക്താര്‍ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയുടെ ലോക്കര്‍ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നെടുത്തത്.
ടെലിവിഷന്‍ പരിപാടികളായ ക്രൈം പട്രോള്‍, സാവ്ധന്‍ ഇന്ത്യ എന്നിവയിലെ അഭിനയത്തിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ചില വെബ് സീരീസുകളിലും ഇവര്‍ അഭിനനയിച്ചിട്ടുണ്ട്. മുംബൈ ആരേ കോളനിയിലാണ് ഇരുവരും താമസിച്ചിരുന്നത്. പണം നഷ്ടപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ പണവുമായി കെട്ടിടത്തില്‍ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായും പോലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലില്‍ ഇരുവരം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇതാണ് ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.