ചെങ്ങന്നൂർ: തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ സമാപിച്ചു. വെളുപ്പിനെ 4.30 ന് ശിവ സഹസ്രനാമസ്തോത്രം, 5ന് മേൽശാന്തി സനീഷ് നാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം എന്നിവ നടന്നു. തുടർന്ന് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കലശാഭിഷേകം, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം മറ്റ് വിശേഷാൽ പൂജകളും നടന്നു.
ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ശിവ സഹസ്രനാമാർച്ചന ,ശിവ കഥാ പ്രവചനം (മലപ്പുറം ശ്രീശങ്കര സേവാശ്രമം ആചാര്യ – അമൃതാനന്ദ സരസ്വതി) രാത്രി 9 ന് വിവിധ കലാപരിപാടികൾ, 11 ന് കരോക്കേ ഗാനമേള, 11.15 മുതൽ മഹാശിവരാത്രി പൂജ – 108 കരിക്കഭിഷേകം, അഷ്ടാഭിഷേകം എന്നിവയും നടന്നു. ഉത്സവത്തിനോടനുബന്ധിച്ച് 20 ന് തലയാർ വഞ്ചിമൂട്ടിൽ ദേവി ക്ഷേത്രത്തിൽ നിന്നും ദീപ പ്രോജ്വലനം നടത്തി ആറാട്ടുകടവിൽ എത്തി സ്വീകരണപ്പറകൾ ഏറ്റുവാങ്ങി വിവിധ വാദ്യമേളങ്ങളോടും താലപ്പൊലി, തെയ്യം, കാവടി, മയിലാട്ടം, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ കുറ്റൂർ ജംഗ്ഷൻ വഴി ക്ഷേത്രത്തിലേയ്ക്ക് മഹാഘോഷയാത്രയും നടന്നു.
ദിവംഗതനായ തെങ്ങേലി പോത്തളത്ത് ചിത്തിരൻ പിളള നാരായണ പിള്ളയുടെ ചെറുമക്കള്‍ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാദേവന് വഴിപാടായി ജീവത സമർപ്പിച്ചു . തന്ത്രി ബ്രഹ്മശ്രീ കുഴിക്കാട്ടില്ലത്ത്
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്ര മേൽശാന്തി സനീഷ് നാരായൺ നമ്പൂതിരിയുടെയും
മുഖ്യകാർമ്മികത്വത്തിൽ സമർപ്പണ കർമ്മം നടന്നു. അലങ്കരിച്ച വാഹനങ്ങളുടെയും താലപ്പൊലി , വിവിധ വാദ്യമേളങ്ങളുടെയും വായ്ക്കുരവയുടെയും, പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കുറ്റൂർ ധർമ്മശാസ്താകാണിക്ക മണ്ഡപം ജംഗ്ഷഷനിൽ നിന്നും ആരംഭിച്ച ജീവിത ഘോഷയാത്ര തെങ്ങേലി എൻ എസ് എസ് കരയോഗം വക വളളിയിൽക്കാവ് ദേവീക്ഷേത്രത്തിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ശബരിമല മാളികപ്പുറത്ത് ദേവിയുടെ ജീവിത നിർമ്മാണം നടത്തിയ ചെങ്ങന്നൂർ പേരിശ്ശേരി സുരേഷ് കുമാർ ആചാരിയാണ് ജീവിതയുടെ ശില്പി.