പുനലൂര്‍: തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കാന്‍ സാധ്യത. വ്യാഴാഴ്ച വൈകീട്ട് ജലനിരപ്പ് 111.50 മീറ്ററാണ്. 116.78 മീറ്ററാണ് പരമാവധി സംഭരണശേഷി. ഡാം പ്രദേശത്ത് വ്യാഴാഴ്ച മഴ ദുര്‍ബലമായിരുന്നു. വെള്ളിയാഴ്ചത്തെ മഴയുടെ അളവുകൂടി പരിഗണിച്ച് ഉച്ചക്ക് 12ന് ഷട്ടര്‍ തുറക്കാനാണ് തീരുമാനം.
സ്പില്‍വേയിലെ മൂന്നു ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തി വെള്ളം കല്ലടയാറ്റിലൂടെ ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശം ഉള്‍പ്പെടുന്ന ശെന്തുരുണി-പൊന്മുടി വനമേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. അപകടനിലയിലേക്ക് വെള്ളം സംഭരണമായില്ലെങ്കിലും അടുത്ത തുലാവര്‍ഷ മഴകൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച ഷട്ടര്‍ തുറക്കുന്നത്.
കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഡാമിലെ വെള്ളം ക്രമീകരിച്ചതിനാല്‍ ഇതുവരേക്കും ആശങ്കക്ക് ഇടയായിട്ടില്ല. രണ്ടു ജനറേറ്ററുകളില്‍ ഒരെണ്ണം വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. ആറ്റില്‍ കൂടുതല്‍ വെള്ളം ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കെ.ഐ.പി അധികൃതര്‍ മുന്നറിയിപ്പു നല്കി.