തെന്മല ഇക്കോ ടൂറിസം.. പേരുപോലെ തന്നെ തേൻകിനിയുന്ന മധുരിപ്പിക്കുന്ന കാഴ്ചകളുടെ ഇടം. കാടും കുന്നും പുഴയും അണക്കെട്ടും ഒക്കെ ചേരുന്ന ഒരിടം എങ്ങനെ ഇങ്ങനെ മനോഹരമായി ഒരുക്കിയെടുത്തു എന്നു കാണണമെങ്കിൽ ഒരിക്കലെങ്കിലും ഇവിടേക്ക് വരണം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം സെന്‍റർ ആയ തെന്മല കാഴ്ചകളുടെ ഒരത്ഭുത ലോകമാണ് സമ്മാനിക്കുന്നത്. കൊല്ലം ജില്ലയുടെ ഭാഗമായ തെന്മല ഏകദിന യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. ഇനി സമയമുണ്ടെങ്കിൽ രണ്ടും മൂന്നും ദിവസം ചെലവഴിച്ച് കാണാനുള്ള ട്രെക്കിങും ബോട്ടിങ്ങും നേച്ചർ വാക്കും അടക്കം ഇഷ്ടംപോലെ കാര്യങ്ങൾ വേറെയുമുണ്ട്. കുട്ടികൾക്ക് കൗതുകം മാത്രം സമ്മാനിക്കുന്ന പാർക്കും മാനുകളുടെയും ചിത്രശലഭങ്ങളുടെയും മനോഹരമായ കാഴ്ചകളും ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നു.
വാരാന്ത്യങ്ങളും മഴക്കാലവും അവധികളും ചെലവഴിക്കാൻ ഒരു ദിവസം തിരയുമ്പോൾ തെന്മലയും പട്ടികയിൽ ചേർക്കാൻ മറക്കരുത്. പ്രകൃതിയുടെ വാതിൽ നമ്മുടെ കുഞ്ഞുങ്ങൾക്കു മുൻപിൽ തുറക്കാൻ പറ്റിയ ഇതിനോളം മികച്ച ഇടം വേറെയില്ല. തെന്മലയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോൾ വിട്ടുപോകരുതാത്ത കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ശലഭോദ്യാനം ; പാറിപ്പറക്കുന്ന ആയിരക്കണക്കിന് ചിത്രശലഭങ്ങൾ. തേന്‍നുകരാനായി പൂക്കളിൽ ചെന്നിരിക്കുന്നവ. ഇങ്ങനെ 150 ൽ അധികം വ്യത്യസ്ത ഇനത്തിൽ പെട്ട ചിത്രശലങ്ങൾ ഇവിടെയുണ്ട്. നീണ്ട ചിറകോടു കൂടിയവയും നിറങ്ങൾ വാരിവിതറിയ പോലെ തോന്നിക്കുന്ന ചിറകുകളുള്ളവയും കരിയിലക്കിടയിൽ നിന്നും തിരിച്ചറിയാൻ സാധിക്കാത്തവയും ഒക്കെയായി പൂമ്പാറ്റകളെ ഇവിടെ കാണാം. നാലര ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ച ശലഭോദ്യാനത്തിൽ ഓരോ ഇനം ശലഭങ്ങൾക്കം പ്രിയപ്പെട്ട ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വിരുന്നുണ്ണാനായി നാടുകൾ താണ്ടിയെത്തുന്ന ദേശാടനശലഭങ്ങളെയും ഇവിടെ കാണാം.
തെന്മല അഡ്വഞ്ചർ സോൺ ; തെന്മലയിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്ന ഇടമാണ് തെന്മല അഡ്വഞ്ചർ സോൺ. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തെന്മലയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ വഴികളിലൊന്നായ ഇലവേറ്റഡ് വാക്ക്‌വേ ആണ് ഇവിടുത്തെ ആകര്‍ഷണം. ഡെക് പ്ലാസയിൽ നിന്നാരംഭിക്കുന്ന ഈ നടത്തം പഴയ തിരുവനന്തപുരം – ചെങ്കോട്ട റോഡ് വരെ നീളുന്നു. ഇത് കൂടാതെ മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, റിവർ ക്രോസിങ്,നേച്ചർ ട്രയിൽസ്, അമ്പെയ്ത്ത്, തൂക്കുപാലം, നെറ്റ് വാക്കിങ് തുടങ്ങിയ കാര്യങ്ങളും ഇവിടെയുണ്ട്. 3. മാൻ പുനരധിവാസ കേന്ദ്രം കാട്ടിലൂടെയുള്ള യാത്രയിലോ അല്ലെങ്കിൽ മൃഗശാലയിലോ ഒക്കെ കാണാൻ കഴിയുന്ന മാനുകളെയും തെന്മലയിൽ എത്തിയാൽ കാണാം. ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിലാണ് ഈ മാനുകളുള്ളത്. കാട്ടിൽ നിന്നും ഒറ്റപ്പെട്ടുപോയ മാനുകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. വനത്തിനു നടുവിലെ പ്രത്യേക കൂട്ടിൽ സംരക്ഷിച്ചിരിക്കുന്ന ഇവയെ കണ്ടു നിൽക്കാൻ തന്നെ രസമാണ്.
ടെന്‍റുകൾ ; പാക്കേജിൽ ഇവിടെ രാത്രി താമസം തിരഞ്ഞെടുക്കുന്നവർക്കാണ് കൊക്കൂൺ ടെന്‍റുകളിൽ താമസിക്കാന്‍ സാധിക്കുക. വനത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഫാമിലി ടെന്‍റുകളാണിത്. 1415 രൂപയാണ് ഇവിടെ ഒരു രാത്രി ചെലവഴിക്കാനുള്ള ചെലവ്. ഇത് കൂടാതെ എസി ഡോർമിറ്ററി, നോണ് എസി ഡോർമിറ്ററി, ടെന്‍റടിച്ചുള്ള ക്യാംപിങ് തുടങ്ങിയ വേറെയും ആകർഷണങ്ങളുണ്ട്. നോണ് എസി ഡോർമിറ്ററി താമസം 195 രൂപയിലാണ് ആരംഭിക്കുന്നത്.
സംഗീത ജലധാര ; പ്രകൃതിയുടെ നൃത്തം എന്നാണിത് അറിയപ്പെടുന്നത്. ഓപ്പൺ എയർ മ്യൂസിക്കൽ ഡാൻസ് ഫൗണ്ടെയ്ൻ ആയ ഇവിടെ സ്വാഭാവിക ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്ന വെള്ളം, ശബ്ദം, പ്രകാശം എന്നിവയുടെ സമന്വയിപ്പിച്ച് നൃത്തം ചെയ്യുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.