മലയാളത്തിന് ഇത് റീറിലീസുകളുടെ കാലമാണ്. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിന്റെ ദേവദൂതൻ രണ്ടാം വരവിൽ മികച്ച പ്രതികരണം നേടുന്ന വേളയിൽ തന്നെ മലയാളത്തിന്റെ എവർക്ലാസ്സിക് മണിച്ചിത്രത്താഴും അടുത്ത ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ രണ്ട് സിനിമകൾക്കും പിന്നാലെ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുന്നതായുളള റിപ്പോർട്ടുകളാണ് വരുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും നെടുമുടി വേണുവും പ്രധാന കഥാപാത്രങ്ങളായെത്തിയ തേന്മാവിൻ കൊമ്പത്താണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ ക്വാളിറ്റിയോടെയാണ് ചിത്രം റീ റിലീസ് ചെയ്യുക എന്നും ഇ4 എന്റര്‍ടെയ്ൻമെന്റ്സായിരിക്കും സിനിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ആറുമാസത്തിനുള്ളിൽ സിനിമയുടെ റീ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
1994 മെയ് 13 നായിരുന്നു തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്തത്. കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശങ്കരാടി, ശ്രീനിവാസൻ, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ വൻതാരനിര അണിനിരന്ന സിനിമ ആ വർഷത്തെ തന്നെ വലിയ വിജയങ്ങളിൽ ഒന്നാവുകയും മലയാളത്തിന്റെ എവർക്ലാസ്സിക് സിനിമകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു.