കൊക്കോ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ചോക്ലേറ്റാണ്. കാരണം ചോക്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ് കൊക്കോ. എന്നാല്‍ ഇതിനും ചില ഔഷധഗുണങ്ങള്‍ ഉണ്ട്. ഫ്‌ലേവനോയ്ഡ്, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കൊക്കോ പഴം. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും രോഗ പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതില്‍ കൊക്കോയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലാവനോളുകള്‍ ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
കൊക്കോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ലഘൂകരിക്കാന്‍ സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ കൊക്കോയില്‍ അടങ്ങിയിരിക്കുന്നു. സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവ അവയില്‍ ചിലത് മാത്രം. ഉയര്‍ന്ന നിലവാരമുള്ള കൊക്കോയില്‍ നിന്ന് നിര്‍മ്മിച്ച ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. സന്തോഷം വര്‍ദ്ധിപ്പിച്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൊക്കോ പഴം സഹായിക്കുന്നു. അവശ്യ ധാതുക്കളായ മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് കൊക്കോ പഴം. നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഗ്‌നീഷ്യം രക്തത്തിലെ ഓക്‌സിജനെ ശരീരഭാഗങ്ങളില്‍ എത്തിക്കുന്നതില്‍ ഇരുമ്പ് നിര്‍ണായക പങ്ക് വഹിക്കുന്നു. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൊക്കോ പഴം കഴിക്കുന്നത് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. ഏകദേശം 30 അടി ഉയരത്തില്‍ വളരുന്ന ഈ മരത്തില്‍ നിന്ന് 30 വര്‍ഷത്തോളം കായ്കള്‍ ലഭിക്കും. ജലാംശവും വളരാന്‍ അനുവദിക്കുന്ന സാഹചര്യവുമുള്ള മണ്ണില്‍ കൊക്കോ തഴച്ചുവളരും. അധികവും മലമ്പ്രദേശത്താണ് ഇവ വളരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വരെ ഉയര്‍ന്ന വിലയാണ് കൊക്കോയ്ക്ക് ലഭിക്കുന്നത്.