കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ് ഇൻസ്പെക്ട്ടറും ഇല്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ദൈനം ദിന പ്രവർത്തനങ്ങൾ. മാസങ്ങൾക്ക് മുൻപാണ് കോന്നി ഡിവൈഎസ്പി യെയും സിഐയെയും സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കുന്നത്. എന്നാൽ ഡിവൈഎസ്പി നിയമിതനായിട്ടും സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ഇല്ലാത്തതാണ് പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമാറാക്കിയത്. ചിറ്റാർ പോലീസ് സർക്കിൾ ഇൻസ്‌പെടറെ കോന്നിയിലേക്ക് നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിട്ടും ചിറ്റാറിൽ പുതിയ സർക്കിൾ ഇൻസ്പെക്റ്റർ ചാർജ്ജ് എടുക്കാതെ വന്നതോടെ ചിറ്റാർ സർക്കിൾ ഇൻസ്‌പെക്ടർക്ക് കോന്നിയിലേക്ക് വരാൻ കഴിയാതെയായി.
നിലവിൽ കോന്നിയിൽ ഒരേയൊരു എസ് ഐ മാത്രമാണ് ഉള്ളത്. ഇദ്ദേഹം പരിശീലത്തിന്റെ ഭാഗമായി പോയതോടെ കോന്നി പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ് ഐ മാത്രമാണ് ഉള്ളത്. വലിയ കേസുകൾ കൈകാര്യം ചെയ്യുവാൻ ഗ്രേഡ് എസ് ഐ ക്ക് അധികാരം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിൽ ആവുകയാണ് കോന്നി പോലീസ് സ്റ്റേഷൻ പ്രവർത്തനം. വാഹനാപകടങ്ങളും തൂങ്ങി മരണങ്ങളും മോഷണങ്ങളും പോക്സോ കേസുകളും അടക്കം ജില്ലയിൽ തന്നെ നിരവധി കേസുകൾ ആണ് കോന്നി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥർ ഇല്ലാതെ എങ്ങനെ ഇവയെലാം കൈകാര്യം ചെയ്യും എന്ന ആശയകുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ.