ചാരുംമൂട് : പൊതുശൗചാലയങ്ങളില്ലാത്തതിനാൽ ചാരുംമൂട്ടിലും നൂറനാട്ടും എത്തുന്നവർ ബുദ്ധിമുട്ടുന്നു. ചുനക്കര, നൂറനാട്, താമരക്കുളം ഗ്രാമപ്പഞ്ചായത്തുകളും ചാരുംമൂട്ടിൽ സംഗമിക്കുന്നു. കെപി റോഡിലെ പ്രധാന സ്ഥലമായ നൂറനാട് പാലമേൽ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്. മേഖലയിലെ പ്രധാന സ്ഥലങ്ങളായ പടനിലം, താമരക്കുളം, ചുനക്കര എന്നിവിടങ്ങളിലും പൊതുശൗചാലങ്ങളില്ല. ഇവിടെ പല ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രാഥമികകാര്യങ്ങൾ നിറവേറ്റാൻ ശൗചാലങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു.
വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ശൗചാലയങ്ങളാണ് ഇപ്പോൾ ആശ്രയം. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് ചാരുംമൂട് ജംഗ്ഷന് വടക്ക് ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്ന് ചുനക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് അടുത്തിടെ ട്രാഫിക് നിരീക്ഷണ ക്യാമറകളുടെ കൺട്രോൾ റൂമാക്കി. ഇവിടേക്കുള്ള പൈപ്പ് കണക്‌ഷൻ ജല അതോറിറ്റി വിച്ഛേദിച്ചതോടെ വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ക്യാമറകളുടെ കൺട്രോൾ റൂമാക്കി ഇ-ടോയ്‌ലെറ്റിനെ മാറ്റിയത്.