കോഴിക്കോട്: മുസ്ലിംലീഗിൽ രണ്ട് ചേരികൾ ഇല്ലെന്ന് അബ്ദു സമദ് സമദാനി എംപി. കുഞ്ഞാലിക്കുട്ടിക്ക് മറ്റൊരു നയം ഇല്ലെന്നും സമദാനി. സമസ്തയെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാട്ടിലാക്കാനുള്ള ചിലരുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും സമദാനി വ്യക്തമാക്കി. അതേസമയം, സമസ്തയിലെ ഒരു വിഭാഗവും മുസ്ലീം ലീഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പാണക്കാട് കുടുംബാംഗങ്ങള്‍, ഖാസിമാരായ മഹല്ല് ഭാരവാഹികളുടെ ഏകോപനത്തിന് ശ്രമം തുടങ്ങി. മഹല്ല് ഭാരവാഹികളുടേയും ഖതീബുമാരുടേയും സംഗമം വിളിച്ച് ചേര്‍ക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കമ്മറ്റിക്കും രൂപം നല്‍കി. സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്കുള്ള തിരിച്ചടിയായായാണ് പുതിയ നീക്കം വ്യാഖാനിക്കപ്പെടുന്നത്.
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്നും സമസ്തയിലെ ലീഗ് വിരുദ്ധരായ യുവ നേതാക്കളെ ഒഴിവാക്കിയതോടെ ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുളള പോര് പാരമ്യത്തിലാണ്. ഇതിനിടയിലാണ് പാണക്കാട് കുടുംബാംഗങ്ങള്‍ മുഖ്യ ഖാസിമാരായ പള്ളികളിലെ മഹല്ല് ഭാരവാഹികളുടെ യും ഖത്തീബുമാരുടേയും സംഗമം അടുത്ത മാസം 17ന് കോഴിക്കോട് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ നീലഗിരിയിലെയും മഹല്ല് ഭാരവാഹികളെ സംഗമത്തില്‍ പങ്കെടുപ്പിക്കും. പാണക്കാട് ഓഫീസ് സ്ഥാപിച്ച് പഠന ഗവേഷണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പദ്ധതികളും ഇതിനോടൊപ്പമുണ്ട്.