കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ വന ഭാഗത്ത് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. ഞള്ളൂർ വന ഭാഗത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന് സമീപത്തായാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മൽസ്യ മാംസാവശിഷ്ടങ്ങളുമടക്കമുള്ള മാലിന്യം റോഡിലും വനത്തിലും ഉപേക്ഷിക്കുന്നുണ്ട്. മാലിന്യത്തിന്റെ ദുർഗന്ധം മൂലം യാത്രക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. കുട്ടികളുടെ വിസർജ്യങ്ങളും റോഡിൽ ഉപേക്ഷിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടി റോഡിൽ മാലിന്യം ഉപേക്ഷിക്കുന്ന സംഭവങ്ങളും കുറവല്ല.
വർഷങ്ങളായി ഈ റോഡിൽ മാലിന്യം ഉപേക്ഷിക്കുന്നുണ്ട് എങ്കിലും ബന്ധപെട്ട അധികൃതർ ആരും തന്നെ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്ന് പരാതി ഉണ്ട്. ആളൊഴിഞ്ഞ വന പ്രദേശം ആയതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് തള്ളുന്നതാകാം ഈ മാലിന്യങ്ങൾ എന്ന് പറയുന്നു. വനത്തിലൂടെ ഒഴുക്കുന്ന തോട്ടിലേക്കും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇത് മഴക്കാലത്ത് ഒഴുകി വനത്തിനുള്ളിൽ എത്തി വന്യ മൃഗങ്ങൾ ഭക്ഷിക്കുന്നത് വഴി ഇവയുടെ നാശത്തിനും കാരണമാകും. വന ഭാഗത്ത് മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്.