തൃശൂര്‍ : അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായാല്‍ അടിയന്തര ചികിത്സ നല്‍കാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. തൃശൂരില്‍ നിന്നും കോടനാടില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. പ്രാഥമിക നിരീക്ഷണത്തില്‍ ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നാണ് നിഗമനം. അതിരപ്പിള്ളി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്.
ചൊവ്വാഴ്ച രാവിലെ മുതൽ ആന തോട്ടത്തിലുണ്ട്. രണ്ട് കൊമ്പന്മാർ ആണ് ഇവിടെയെത്തിയത്. എന്നാൽ ഒരു ആന മടങ്ങിയെങ്കിലും ഈ ആന സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. എരണ്ടക്കെട്ട് മൂലമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആനയുടെ ശല്യം ഒഴിവാക്കാന്‍ കാര്‍ഷിക വിളകളില്‍ വിഷംവച്ചത് കഴിച്ചത് മൂലമാണോ ആന അവശനിലയിലായതെന്നും സംശയങ്ങൾ വർധിക്കുന്നുണ്ട്.