അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ചെവി, മൂക്ക്, തൊണ്ട രോഗങ്ങളുമായി നിരവധി രോഗികളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. പ്രായമായ ആളുകള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തുമ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍ ഇല്ല എന്ന് അറിയിച്ച് ഇവരെ തിരികെ പറഞ്ഞയക്കുന്നതാണ് ഇപ്പോള്‍ പതിവ്. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഇ.എന്‍.ടി ഡോക്ടര്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്ന് താത്കാലിക ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു. എന്നാല്‍ താത്കാലിക നിയമനത്തിന്റെ കാലാവധി കഴിഞ്ഞതോടെ പുതിയ നിയമനം നടന്നതുമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇ.എന്‍.ടി വിഭാഗത്തില്‍ മാസം 40 ശസ്ത്രക്രിയകള്‍ വരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്നിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ തുടര്‍ പരിശോധനകള്‍ നടത്തുവാനും ഡോക്ടര്‍ ഇല്ലെന്നാണ് പരാതി.
ഇ.എന്‍.ടി മാത്രമല്ല മറ്റ് പ്രധാന വിഭാഗങ്ങളായ കാര്‍ഡിയോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നാണ് പരാതി. അനസ്തേഷ്യ വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ തിരക്കുള്ള വിഭാഗമായതിനാല്‍ ഒരാളെ കൂടി നിയമിക്കണമെന്നും ആവശ്യമുയരുന്നു. കണ്ണ്, ത്വക്ക് വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവുണ്ട്. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താലൂക്ക് ആശുപത്രിയില്‍ വേണ്ട ജീവനക്കാര്‍ മാത്രമാണ് ഉള്ളതെന്നാണ് പ്രധാന പരാതി. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ഡോക്ടര്‍ തസ്തികകള്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രധാന ചികിത്സാ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ അഭയം തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.






























