ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്നതിൽ കർണാടകയ്‌ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് ദിവസത്തോളം രക്ഷാപ്രവർത്തനത്തിൽ അലംഭാവം നടന്നതിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങളെയാണ് കർണാടക മുഖ്യമന്ത്രി തള്ളിയത്. അപകടം സംഭവിച്ച ആദ്യഘട്ടത്തിൽ രക്ഷാദൗത്യം ആരംഭിക്കാൻ കാലതാമസമുണ്ടായത് കാര്യങ്ങളെ വീണ്ടും സങ്കീർണമാക്കിയിരുന്നു. എന്നാൽ കാലാവസ്ഥ മാത്രമാണ് കുറ്റക്കാരനെന്നും കർണാടകയുടെ ഭാഗത്ത് നിന്ന് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ വാദിച്ചു.
യാതൊരു തരത്തിലുള്ള കാലതാമസവും വരുത്തിയിട്ടില്ല. എസ്ഡിആർഎഫും, അഗ്നിരക്ഷാസേനയും പൊലീസും ആദ്യഘട്ടം മുതൽ രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. വലിയ രീതിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണത്. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ജീവൻ പണയം വച്ചാണ് സേനാംഗങ്ങൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. ദൗത്യം മന്ദഗതിയിലായതിന് ഒരേയൊരു കാരണം മഴയാണെന്ന് സിദ്ധരാമയ്യ അവകാശപ്പെടുകയും ചെയ്തു.