കോന്നി : അകാലത്തിൽ തന്നെ വിട്ടുപോയ മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് രാധമ്മയും യാത്രയായി. ഇനി രാധാലയം വീട് അനാഥമായി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആണ് ഇളമണ്ണൂർ ബാങ്ക് ജംഗ്ഷനിൽ പൂതങ്കര രാധലയം വീട്ടിൽ രാധമ്മ(85) വാഹനം ഇടിച്ച് മരണപ്പെടുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം സംഭവിക്കുകയും കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. രാധമ്മയുടെ ഒപ്പം ഉണ്ടായിരുന്ന കൊച്ചുമകൻ രാഹുൽ അസുഖ ബാധിതനായി വെള്ളിയാഴ്ച ആണ് മരിച്ചത്. രാധമ്മയുടെ മകൻ നരേന്ദ്രൻ ആണ് ആദ്യം മരണപ്പെടുന്നത്.
വെട്ടേറ്റു ചോര വാർന്നാണ് മരിച്ചത്. ഇതിന് ശേഷം നാല് വർഷം കഴിഞ്ഞ് രാധമ്മയുടെ മരുമകൾ രമണി ക്യാൻസർ ബാധിതയായി മരണപ്പെട്ടു. തുടർന്ന് സഹോദരങ്ങൾ ആയ രാഹുലിന്റെയും രാജീവിന്റെയും സംരക്ഷണത്തിൽ ആണ് രാധമ്മ കഴിഞ്ഞിരുന്നത്. എന്നാൽ രണ്ട് വർഷം മുൻപ് മരുതിമൂട് വെച്ച് നടന്ന വാഹന അപകടത്തിൽ രാജീവും മരിച്ചു. പിന്നീട് വിവിധ രോഗങ്ങൾ മൂലം രാഹുലും മരണപ്പെടുകയായിരുന്നു. രാജീവിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്ക് അനുകൂലമായ വിധിയും ഉണ്ടായിട്ടുണ്ട്. 36 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി അനുവദിച്ച് വിധിയായത്. ഇനി ഈ തുക കൈപ്പറ്റാൻ പോലും രാധാലയം വീട്ടിൽ ആരുമില്ല.