തളിപ്പറമ്പ്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുൾപ്പെടെ 16 ഓളം ക്ഷേത്രങ്ങളുടെ ഭരണസമിതിയായ ടി.ടി.കെ ദേവസ്വത്തിൽ പട്ടികജാതി-വർഗ, വിഭാഗത്തിലുള്ള ഒരാൾ വേണമെന്ന സർക്കാർ ഉത്തരവ് നടപ്പായില്ല. മറ്റ് പ്രതിനിധികളുടെ ഒഴിവെല്ലാം നികത്തിയിട്ടും പിന്നാക്ക പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയാണ്. എട്ടംഗ സമിതിയിൽ അഞ്ചു പേർ പാരമ്പര്യ ട്രസ്റ്റിമാരാണ്. മൂന്നു പേരെ പാരമ്പര്യേതര ട്രസ്റ്റിമാരായി മലബാർ ദേവസ്വം ബോർഡാണ് നിയമിക്കുന്നത്.
അതത് ഭരണത്തിലുള്ള പാർട്ടിക്കാരാണ് ഇത്തരത്തിൽ ട്രസ്റ്റിമാർ ആവാറുള്ളത്. മലബാർ ദേവസ്വം ബോർഡ് രൂപവത്കൃതമാകുന്നതിന് മുമ്പ് ടി.ടി.കെ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുമ്പോൾ സംവരണം ഉറപ്പാക്കി മാത്രമാണ് നിയമനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എസ്.സി എസ്.ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന സർക്കുലർ പാടെ അവഗണിച്ചു കൊണ്ടാണ് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചിരിക്കുന്നതെന്നാണ് പരാതി. എസ്.സി, എസ്.ടി വിഭാഗത്തിലെ ഒട്ടേറെ പേർ ഇത്തവണ ഈ വിഭാഗത്തിൽനിന്ന് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഒരാളെ പോലും നിയമിച്ചില്ല.