ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന തള്ളി സി.പി.ഐ നേതാവ് ബിനോയ് വിശ്വം. 2024ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ പരാജയപ്പെടുമെന്ന് മറ്റാരെക്കാളും ബി.ജെ.പിക്ക് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഹരിയാനയിലെ നൂഹ് ജില്ലയിലെ സംഘർഷങ്ങൾ ബി.ജെ.പിയും ആർ.എസ്.എസും സംഘടിപ്പിച്ചതാണെന്ന് ജനങ്ങൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ട്. മൂന്നാം മുന്നണി ഉണ്ടാകില്ല. 2024ലെ പോരാട്ടം എൻ.ഡി.എയും ഇൻഡ്യ മുന്നണിയും തമ്മിലാണ് എന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് തലവനുമായ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി പറഞ്ഞത്. ഹിന്ദി ഹൃദയ ഭൂമിയിലെ പല പാർട്ടികളും ഇൻഡ്യ സഖ്യത്തിനൊപ്പമില്ല. മായാവതിയും കെ.സി.ആറും പോലുള്ള നേതാക്കൾ സഖ്യത്തിലില്ല. പ്രതിപക്ഷ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ ഉൾപ്പെടുത്തി മൂന്നാം മുന്നണി ഉണ്ടാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്നെ ക്ഷണിക്കാത്തതിൽ പരാതിയില്ലെന്നും ഉവൈസി പറഞ്ഞിരുന്നു. ഇതിനോടാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.