കൊച്ചി : ഭർത്തൃപീഡനങ്ങൾ വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി എല്ലാ സമുദായത്തിനും ബാധകമായ മതേതര നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവാഹനിയമം പരിഷ്കരിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരായ ഭർത്താവിന്റെ അപ്പീൽ തള്ളിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ വിലയിരുത്തലും നിർദേശങ്ങളും. ഭർത്താവ് നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നുവെന്നായിരുന്നു യുവതിയുടെ പ്രധാന പരാതി. പണം ആവശ്യപ്പെട്ടും ഡോക്ടറായ ഭർത്താവ് നിരന്തരം ദ്രോഹിച്ചിരുന്നു. 500 പവനും കാറും ഫ്ലാറ്റും നൽകിയായിരുന്നു വിവാഹം. റിയൽ എസ്റ്റേറ്റ് ബിസിനസിൽ പണം നിക്ഷേപിച്ച് ഭർത്താവ് ബാധ്യത വരുത്തി. ഡോക്ടറായി പ്രാക്ടീസും ചെയ്തിരുന്നില്ല.
12 വർഷമായി യുവതി വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങുകയായിരുന്നു. നിലവിലെ നിയമമാണ് ഇതിനു കാരണം. വ്യക്തിനിയമത്തിന്റെ പേരിൽ പൊതുനിയമം പാലിക്കുന്നതിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ആചാരങ്ങളാൽ ചുറ്റപ്പെട്ട സമൂഹമായതിനാൽ വിവാഹമോചനം അടക്കമുള്ളവയ്ക്ക് ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. എന്നാൽ വ്യക്തിതാത്‌പര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. വിവാഹമോചനം തേടി സ്വന്തം ഇഷ്ടത്തിന് കോടതിയെ സമീപിക്കാൻ ദമ്പതിമാർക്ക് ഇപ്പോൾ ഭയമില്ല. എന്നാൽ അതിനോടു പൊരുത്തപ്പെടുന്നതാണോ നിയമമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.