തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ ആണ് മന്ത്രിയുടെ നിർദേശം.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചർച്ച ചെയ്യാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങൾ ഓൺലൈനിൽ വിളിച്ചു ചേർത്തത്.