ആലപ്പുഴ: പക്ഷിപ്പനിയുടെ കെടുതി കർഷകരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹോട്ടൽ, ബേക്കറി, മുട്ട, മാംസ വിപണന കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. സ്ഥിതിയുടെ ഗൗരവം മനസിലാക്കി വ്യാപാരികൾ സഹകരിക്കുന്നുണ്ട്. എന്നാൽ, നഷ്ടമാകുന്ന കച്ചവടം എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ടൂറിസം മേഖലയെയും കാറ്ററിംഗ് മേഖലയെയും നിരോധനം കാര്യമായി ബാധിച്ചു. കല്യാണ സീസണാണ്. കോഴിയിറച്ചിക്ക് നിരോധനം വന്നതോടെ വലിയ വില കൊടുത്ത് ബീഫിലേക്ക് തിരിയേണ്ട അവസ്ഥയിലാണ്. നിരോധന പരിധിക്ക് പുറത്തെ ഹോട്ടലുകളിൽ ചിക്കനും മുട്ടയുമെല്ലാം ലഭ്യമാണെങ്കിലും ഭയം കാരണം പലരും അടുക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ നിരോധനം കർശനമാക്കുന്ന അധികൃതർ എന്തുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കോഴിയുടെയും മുട്ടയുടെയും ഗുണനിലവാരം പരിശോധിക്കുന്നില്ലെന്ന് വ്യാപാരികൾ ചോദിക്കുന്നു. തമിഴ് നാട്ടിൽ നിന്നാണ് ആലപ്പുഴയിലേക്കടക്കം ഏറ്റവും കൂടുതൽ ഇറച്ചിക്കോഴിയെത്തുന്നത്. ഇവ രോഗമുക്തമാണോ എന്നതിൽ യാതൊരു സ്ഥിരീകരണവുമില്ല. തമിഴ്നാട്ടിലെ പൗൾട്രി ഫാമുകളിൽ നിന്ന് പ്രതിദിനം 20 കോടി കോഴികളെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് കണക്ക്.