ആലപ്പുഴ : അരനൂറ്റാണ്ട് മുൻപ് ആലപ്പുഴ എസ്.ഡി. കോളേജിൽ കൊമേഴ്സ് വിഭാഗത്തിൽ പഠിച്ചവർ പഴയഓർമ്മകൾ പങ്കിട്ട് ഒത്തുചേർന്നു. 1973-ൽ പ്രീഡിഗ്രിക്കു പ്രവേശനം നേടി 1978-ൽ ബിരുദവും പൂർത്തിയാക്കി കലാലയത്തോടു വിടപറഞ്ഞവരാണ് ‘ഒരുവട്ടംകൂടി’ ഒത്തുകൂടിയത്. ഞായറാഴ്ച രാവിലെ പത്തിന് പഴയ കലാലയജീവതത്തിന്റെ ഓർമ്മകളിയിലേക്ക് കോളേജിലെ ഓട്ടുമണി മുഴങ്ങി. സംസഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തിയ 36 ‘വിദ്യാർഥികൾ’ രണ്ടാംനിലയിലെ 45-ാം നമ്പർ ക്ളാസ് മുറിയിലേക്ക്. 66-67 പ്രായത്തിലുള്ളവരായിരുന്നു ‘കുട്ടികളെല്ലാം’. അവർക്ക് ക്ളാസെടുക്കാൻ 80 പിന്നിട്ട അന്നത്തെ അധ്യാപകരിൽ ചിലരെത്തി.
പ്രൊഫ. കെ.പി. രാധാകൃഷ്ണൻ നായർ ഹാജർ വിളിച്ചു. തുടർന്ന്, പിന്നിട്ട 50 വർഷത്തെ ഓർമ്മകൾ പങ്കിടലായിരുന്നു. പ്രൊഫ. വി. നാരായണൻ നമ്പൂതിരിയുെട വാണിജ്യശാസ്ത്ര ക്ളാസായിരുന്നു പിന്നീട്. ഇടവേളയ്ക്കുശേഷം പ്രൊഫ. കെ. സുധാകരൻപിള്ള ചോദ്യാവലിയുമായി കുട്ടികൾക്കു മുന്നിലെത്തി. കൊമേഴ്സ് വിഭാഗം മേധാവി ഡോ. വിനീത് ഏവരെയും സ്വാഗതംചെയ്തു. പ്രൊഫ. ആനന്ദക്കുട്ടൻ കാവാലം, എ. ശ്രീകുമാർ, ഹരികുമാർ വാലേത്ത്, പ്രൊഫ. ലോഹിതാക്ഷൻ, എസ്. ഷാജി, ഡോ. എം. കൃഷ്ണൻ, ഷൈലജ, കൃഷ്ണകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.