കൊച്ചി : പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്ന പ്രതികള്‍ തൃപ്പൂണിത്തുറയില്‍ പിടിയില്‍. ഇരുനൂറിലധികം മോഷണ കേസുകളിലെ പ്രതി ചിഞ്ചിലം സതീശനും കൂട്ടാളിയുമാണ് തൃപ്പൂണിത്തുറയില്‍ പിടിയിലായത്. കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ പുലര്‍ച്ചെ നാലുവരെ ലോഡ്ജ് മുറിക്കുള്ളില്‍ പതുങ്ങിയിരുന്നാണ് പിടികൂടിയത്.
കഴിഞ്ഞ 14നു ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമുള്ള സ്വര്‍ണക്കടയുടെ മുന്‍പില്‍നിന്ന് 6 പവന്‍ ആഭരണങ്ങള്‍ പ്രതി മോഷ്ടിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ സ്വദേശി ചിഞ്ചിലം സതീശനെന്ന സതീഷ് കുമാര്‍ പിടിയിലായത്. മൂന്നു മാസം മുന്‍പ് ജയിലില്‍നിന്ന് ഇറങ്ങി മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന ഇടപ്പളളി വട്ടേക്കുന്നം സ്വദേശി റെനീഷ് താമസിക്കുന്ന കളമശേരിയിലെ സ്വകാര്യ ലോഡ്ജില്‍ സതീഷ് കുമാര്‍ വന്നതായി പോലീസിനു വിവരം ലഭിച്ചു.
പക്ഷേ പോലീസിനെ കണ്ടതോടെ സതീശന്‍ ലോഡ്ജിന്റെ മുകളില്‍ നിന്നു സമീപത്തെ കെട്ടിടത്തിന്റെ മുകളിലേക്കു ചാടി ഓടിക്കളഞ്ഞു. റൂമില്‍ നിന്നു ബാഗും വസ്ത്രങ്ങളും പണവും മറ്റും എടുക്കാതെ പോയതിനാല്‍ തിരികെ റൂമിലേക്കു തിരിച്ചുവരും എന്നു കണക്കുകൂട്ടി പോലീസ് മുറിയില്‍ കാത്തിരുന്നു. തുടര്‍ന്നു പുലര്‍ച്ചെ 4നു ലോഡ്ജില്‍ എത്തിയ സതീഷ് കുമാറിനെ പൊലീസ് കീഴടക്കുകയായിരുന്നു.
കഴിഞ്ഞ 3 മാസത്തിനിടയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഒട്ടേറെ മോഷണങ്ങള്‍ പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സതീഷ് കുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കങ്ങരപ്പടിയിലെ വാടക വീട്ടില്‍ നിന്നും നൂറു കണക്കിനു വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടം, മോഷ്ടിച്ച വാഹനങ്ങളുടെ രൂപമാറ്റം വരുത്താനുള്ള ഉപകരണങ്ങള്‍, 30 ഹെല്‍മറ്റുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.