കോഴിക്കോട് : സുമനസുള്ള കള്ളന്മാരുടെ വാര്‍ത്തകള്‍ ഇതിനുമുമ്പും സംസാരമായിട്ടുണ്ട്. ഏകദേശം സമാനമായ അതേസമയം മനസ്താപം വന്നിട്ടെന്ന് തോന്നുന്ന തരത്തിലുള്ള ഒരു കള്ളന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒന്‍പത് വര്‍ഷം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ നല്‍കി കള്ളന്റെ ആത്മാര്‍ത്ഥത. കൂടെ ഒരു എഴുത്തും വെച്ചു. കോഴിക്കോട് ഇരിങ്ങത്താണ് ഇത്തരത്തില്‍ രസകരമായ സംഭവം ഉണ്ടായത്.
‘കുറച്ച് വർഷങ്ങൾക്ക് മുമ്പേ നിങ്ങളുടെ വീട്ടിൽ നിന്നും ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി, അതിന് പകരമായി ഇത് നിങ്ങൾ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം’ ഒൻപത് വർഷത്തിന് ശേഷം കളവ് നടത്തിയ സ്വർണ്ണ മാല തിരികെ എത്തിച്ച മോഷ്ടാവിന്റേതാണ് മേൽ വാചകങ്ങൾ.
കെട്ടുകഥയെല്ലിത്, കഴിഞ്ഞ ദിവസം ഇരിങ്ങത്ത് ടൗണിന് സമീപത്തുള്ള വീട്ടിലാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്. ഒൻപത് വർഷം മുമ്പാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴേകാൽ പവൻ സ്വർണ്ണ മാല നഷ്ടപ്പെടുന്നത്. വിശേഷ ദിവസങ്ങളിൽ മാത്രം അണിയുന്ന ആഭരണമായതിനാൽ മാല നഷ്ടപ്പെട്ട വിവരം ഏറെ വൈകിയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വീട്ടിലെ മറ്റെവിടെയെങ്കിലും ഉണ്ടെന്ന ധാരണയിൽ ദിനങ്ങൾ തള്ളി നീങ്ങിയതിനാൽ പോലീസിൽ പരാതി നൽകിയതുമില്ല. പിന്നീട് അന്വേഷണങ്ങൾ പലതായി നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പ് മുറിയുടെ ജനലിന്മേൽ ഒരു പൊതിക്കെട്ട് വീട്ടമ്മ കാണുന്നത്. രാവിലെ ജനൽ തുറന്നിടുമ്പോൾ കാണാത്ത ഒരു പൊതിക്കെട്ട് പിന്നീട് കണ്ടപ്പോൾ അത്ഭുതവും ജിജ്ഞാസയും കൂടെ ഇത്തിരി ഭയവും തോന്നിവീട്ടമ്മയ്ക്ക്.
കൈ കൊണ്ട് തൊടാതെ വടിയെടുത്തു തട്ടി താഴെയിട്ട് മെല്ലെ തുറന്നു നോക്കുമ്പോൾ അതാ ഒന്നാന്തരം പുതിയ സ്വർണ്ണ ചെയിൻ.ഒന്നുകൂടെ നോക്കി അതിൽ ഒരു എഴുത്തും. എഴുത്ത് വായിച്ചപ്പോൾ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന പരസ്യ വാചകം പോലെ. സന്തോഷം.ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന നിലയിൽ മനസ്സിൽ നിന്ന് പോലും ഒഴിവാക്കിയ സ്വർണ്ണ മാലക്ക് പകരമായുള്ള സ്വർണ്ണമാല കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് വീട്ടുകാർ.
കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ഈ കാലത്ത് തങ്ങൾ ചെയ്ത ഏതോ നന്മയുടെ ഫലമായിരിക്കാം മോഷ്ടാവിന്റെ മാനസാന്തരത്തിന് കാരണമായതെന്നാണ് വീട്ടുകാരുടെ വിശ്വാസം. എന്തായാലും നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഉടമ.