തിരുവനന്തപുരം: വേതന വർധനയുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി നടന്ന മന്ത്രിതല ചർച്ച ഇന്നും തീരുമാനമാവാതെ പിരിഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആശാ വർക്കർമാരെ കൂടാതെ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളും പങ്കെടുത്തു. ഓണറേറിയം, പെൻഷൻ എന്നിവയിൽ ഇന്നത്തെ ചർച്ചയിലും ധാരണയായില്ല. ചർച്ച നാളെയും തുടരും. ചർച്ചയിൽ തങ്ങൾ തൃപ്തരല്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ്. മിനി പറഞ്ഞു. കഴിഞ്ഞ രണ്ട് ചർച്ചയിലേയും പോലെ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യം നൽകലും സംബന്ധിച്ച് തീരുമാനമായില്ല.
ഒരു കമ്മിറ്റിയെ വയ്ക്കാമെന്ന മന്ത്രിയുടെ നിർദേശത്തെ തങ്ങളെതിർത്തെന്നും അവർ പ്രതികരിച്ചു. കമ്മിറ്റിയെ വച്ചല്ല ഓണറേറിയം വർധിപ്പിക്കേണ്ടത്. 3000 രൂപ കൂടി ഓണറേറിയം വർധിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് പോലും അംഗീകരിച്ചില്ലെന്നും ഇനിയുള്ള നീക്കങ്ങൾ സമരമസമിതിയിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മിനി വ്യക്തമാക്കി. ‘സർക്കാർ കൂടെയുണ്ടെന്നും ഓണറേറിയം വർധിപ്പിക്കാൻ താത്പര്യമുണ്ടെന്നും കഴിഞ്ഞ രണ്ട് ചർച്ചയിലും കേട്ടതാണ്. പക്ഷേ അങ്ങനെ പറയുന്നതല്ലാതെ ഒരു നടപടിയും ഈ നിമിഷം വരെ കൈക്കൊണ്ടിട്ടില്ല. ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും അടിയന്തരമായി പരിഗണിക്കണമെന്നും മറ്റ് വിഷയങ്ങളിൽ കമ്മിറ്റി ആവാമെന്നും തങ്ങൾ പറഞ്ഞു. അതും പരിഗണിച്ചില്ല’ എന്ന് മിനി വ്യക്തമാക്കി.