ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടിനിടെ, രണ്ടുതവണ സ്പിക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യസ്പീക്കറാവും ഒം ബിര്‍ല. രാജസ്ഥാനിലെ കോട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്നുളള എംപിയായ അദ്ദേഹം2014ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 2019ല്‍ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള എന്‍ഡിഎയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നു ബിര്‍ല. 2019ന് മുന്‍പ് ബിര്‍ലയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. രാജസ്ഥാന്‍ നിയമസഭയില്‍ മൂന്ന് തവണ എംഎല്‍എയായിരുന്ന അദ്ദേഹം ഭാരതിയ ജനത യുവമോര്‍ച്ചയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. 1991 മുതല്‍ 2003വരെ യുവമോര്‍ച്ചയുടെ പ്രധാനനേതാവായ അദ്ദേഹം സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പതിനാറ്, പതിനേഴ് സഭകളില്‍ അംഗമായ അദ്ദേഹം, കോട്ട മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. എംപിയായ ആദ്യതവണ തന്നെ ലോക്‌സഭയില്‍ മികച്ച പ്രകടനമാണ് ബിര്‍ല കാഴ്ചവച്ചത്. 86 ശതമാനമായിരുന്നു ഹാജര്‍ നില. 671 ചോദ്യങ്ങള്‍ ചോദിക്കുകയും 163 ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.
2019ല്‍ ബിര്‍ലയുടെ സ്പീക്കര്‍ പദവിയിലേക്ക് എത്തിയത് ഭരണപക്ഷത്തെ അംഗങ്ങളെപ്പോലും അമ്പരപ്പിച്ചു. ഇത്തവണ 41,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിര്‍ലയുടെ വിജയം. ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാതെ കാലാവധി പൂര്‍ത്തിയാക്കിയ അദ്യസ്പീക്കര്‍ കൂടിയാണ് ബിര്‍ല. ബിര്‍ലയുടെ ഭരണകാലത്താണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയതും പൂര്‍ത്തിയാക്കിയതും. മൂന്ന് ക്രിമിനില്‍ നിയമങ്ങളും പാസാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വഭേദഗതി നിയമം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ പ്രമേയം തുടങ്ങി സുപ്രധാനനിയമനിര്‍മാണങ്ങളും ഇക്കാലത്ത് ഉണ്ടായി. ഭരണപക്ഷത്തോട് പക്ഷപതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിച്ചപ്പോള്‍ താന്‍ ചട്ടപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ മറുപടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുബ മൊയ്ത്രയെ പുറത്താക്കുന്നതുള്‍പ്പടെ നൂറ് എംപി മാരെ സസ്‌പെന്‍ഡ് ചെയ്ത് കര്‍ശനനടപടി സ്വീകരിക്കുകയും ചെയ്തു. പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയുടെ മുഖത്ത് എപ്പോഴും പുഞ്ചിരിവിടര്‍ന്നെന്നും ബിര്‍ല പറഞ്ഞിരുന്നു.