പത്തനംതിട്ട : നഗരത്തിലെ മൂന്നാമത് വെൽനെസ് സെൻ്റർ പണി പൂർത്തിയാകുന്നു. നാലാം വാർഡ് വഞ്ചികപൊയ്കയിൽ പ്രവർത്തനം ആരംഭിക്കുന്ന സെൻ്ററിൻ്റെ സേവനം ഒന്നു മുതൽ അഞ്ച് വരെ വാർഡിലെ ജനങ്ങൾക്ക് പ്രയോജനകരമാകും. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച ഹെൽത്ത് സെന്ററാണ് ആണ് ജനകീയ ആരോഗ്യ കേന്ദ്രമായി രൂപാന്തരം പ്രാപിക്കുന്നത്. ഇതോടെ നഗരസഭ പ്രഖ്യാപിച്ച 3 വെൽനെസ് സെൻ്ററുകളും പോളി ക്ലിനിക്കും യാഥാർത്ഥ്യമാവുകയാണ്. പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെൽനെസ്സ് റൂം ശൗചാലയം, ഫാർമസി, നേഴ്സിങ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങളോടെയാണ് സെൻറർ പ്രവർത്തനം ആരംഭിക്കുന്നത്.
ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫ്നേഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നിവർ സേവനത്തിനായി ഉണ്ടാകും. നഗരസഭ ചെയർമാൻ അധ്യക്ഷനായുള്ള സമിതിയെയാണ് പദ്ധതികളുടെ സമയബന്ധിത നിർവഹണത്തിനായി ധനകാര്യ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസറും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. ഭരണ സമിതി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ പദ്ധതികൾ നടപ്പിലാക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.