തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച പ്രദര്‍ശനത്തിന് കൗണ്ടര്‍ ടിക്കറ്റ് അനുവദിക്കാനാവില്ലെന്നും ഓണ്‍ലൈന്‍ ടിക്കറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നും ആരോഗ്യ വകുപ്പ്. ഇതനുസരിച്ച് 200 പേരെ മാത്രമേ ഒരേസമയം പ്രവേശിപ്പിക്കാനാവൂ എന്ന് ജില്ല ഭരണകൂടം നിര്‍ദേശിച്ചു. ഈ നിര്‍ദേശം ദേവസ്വങ്ങള്‍ തള്ളി. ഓണ്‍ലൈനില്‍ മാത്രവും 200 പേരെ മാത്രമേ അനുവദിക്കാനാവൂ എന്ന് നിര്ബന്ധമേര്പ്പെടുത്തിയാല് പ്രദര്‍ശനവും പൂരവും ഉപേക്ഷിക്കുമെന്ന് ദേവസ്വങ്ങള്‍ ജില്ല ഭരണകൂടത്തെ അറിയിച്ചു.
പൂരം ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് ദേവസ്വങ്ങള്‍ ഇറങ്ങിപ്പോയി. പൂരം പൂര്‍ണമായ ചടങ്ങുകളോടെ 15 ആനകളെയും വെടിക്കെട്ടുള്പ്പെടെയുമായി ആഘോഷിക്കാന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. പ്രവേശനം അനുവദിക്കുന്നതും ചടങ്ങുകളിലെ ക്രമീകരണവും നിയന്ത്രണവും സംബന്ധിച്ച് ദേവസ്വങ്ങളും പോലീസ്, ആരോഗ്യ വകുപ്പുകളുടെയും നിര്ദേശങ്ങളുമുള്പ്പെടെ ജില്ല ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാനായിരുന്നു ചീഫ്സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. പൂരം പ്രദര്‍ശനത്തിന് അനുമതി തേടി പ്രദര്‍ശന കമ്മിറ്റി സെക്രട്ടറിയുടെ കത്തിന് ആരോഗ്യ വകുപ്പ് നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിവാദമായത്. തൃശൂരില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനം ഉണ്ടായിരുന്നത് വെള്ളിയാഴ്ച 3.12 ശതമാനമായി വര്‍ധിച്ചു. അതുകൊണ്ട് പൂരം പ്രദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമല്ലാതെ കൗണ്ടറില്‍നിന്ന് ടിക്കറ്റ് എടുക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പതിവുപോലെ എല്ലാം നടത്താന്‍ തീരുമാനിച്ചതാണ്. ഇത് നടപ്പാക്കാന്‍ ജില്ല ഭരണകൂടം തടസ്സം സൃഷ്ടിക്കുകയാണ്. അനാവശ്യമായ നിര്‍ദേശങ്ങളും നിബന്ധനകളും ഉന്നയിച്ച് തൃശൂര്‍ പൂരവും പ്രദര്‍ശനവും പ്രൗഢി ഇല്ലാതാക്കാന്‍ ജില്ല ഭരണകൂടം ശ്രമിച്ചാല്‍ എതിര്‍ക്കേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.