പത്തനംതിട്ട: ശബരിമല തിരുവാഭരണ പാത കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. കോഴഞ്ചേരി മുതല്‍ ചെറുകോള്‍പ്പുഴ വരെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഇന്ന് രാവിലെ 11മണിയോടെ പത്തനംതിട്ട ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
കൂനംന്തോട്ടം മുതല്‍ ചെറുകോല്‍പുഴ വരെയുള്ള രണ്ടരകിലോമീറ്റര്‍ ദൂരത്തിലുള്ള പാതയിലെ കയ്യേറ്റമാണ് ഇന്ന് ഒഴിപ്പിച്ചത്. കോഴഞ്ചേരി വില്ലേജ് ആഫീസര്‍ എ.എന്‍ സീന, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി തമ്പി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, താലൂക്ക് സവ്വെയര്‍മാരായ പ്രവീണ, മനോജ്, കൃഷ്ണപിള്ള, കോഴഞ്ചേരി സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രസന്നന്‍, ഫീല്‍ഡ് അസിസ്റ്റന്റ് ഷാജിമോന്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. പ്രദേശത്ത് കയ്യറ്റം ഒഴിപ്പിക്കുന്നതിനിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും വില്ലേജ് ആഫിസറുടെയും സെക്രട്ടറിയുടെയും സമയോചിത ഇടപെടലില്‍ പ്രശ്‌നം പരിഹരിച്ച് നടപടികള്‍ മുന്നോട്ട് പോയി.