റാന്നി: ശബരിമല പൂങ്കാവനത്തിന് സമീപം പ്ലാപ്പള്ളി തലപ്പാറമല കോട്ടയിൽ വിഗ്രഹവും ശൂലവും പൂജ സാധനങ്ങളും നശിപ്പിക്കുകയും മാംസം ഉൾപ്പെടെ തിരുവാഭരണ പാറയിൽ വെച്ചുകൊണ്ട് ചുട്ടു തിന്നുകയും ചെയ്ത സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് തിരുവാഭരണ പാത സംരക്ഷണസമിതി ആവശ്യപ്പെട്ടു. മകരവിളക്ക് തിരുവാഭരണ യാത്രയിലും ശബരിമല യാത്ര ചെയ്യുന്ന അയ്യപ്പ ഭക്തരിലും പരമ പ്രധാമായ പുണ്യ സ്ഥലമാണ് തലപ്പാറമല വലിയ കോട്ട. കൊച്ചു വേലൻ ഓമനക്കുട്ടനാണ് ഇവിടെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വിഗ്രഹങ്ങൾ നശിപ്പിക്കുക മാത്രമല്ല മാംസം പാചകം ചെയ്തതിന്റെ തെളിവുകളും അവശേഷിക്കുന്നുണ്ട്. അത്രയ്ക്കും ഹീനപ്രവർത്തിയാണ് നടന്നിട്ടുള്ളത്.
മനപൂർവം മതവികാരം വൃണപ്പെടുത്തുകയും അരക്ഷിതാവസ്‌ഥ സൃഷ്ടിക്കുവാനും കരുതി കൂട്ടി ചെയ്ത പ്രവർത്തിയാണ് ഇതെന്ന് മനസ്സിലാക്കുന്നു. റാന്നിയിൽ നിന്നുള്ള ചിലരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നുള്ള സംശയവും സമൂഹത്തിൽ വ്യാപിക്കുന്നുണ്ട്. സംഭവത്തില്‍ തിരുവാഭരണ പാത സംരക്ഷണ സമിതി ശക്തമായ പ്രതിഷേധം അറിയിച്ചു. റാന്നിയിൽ കൂടിയ യോഗത്തിൽ സംരക്ഷണ സമിതി പ്രസിഡന്റ് പി രാഘവ വർമ്മ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പ്രമേയം അവതരിപ്പിച്ചു. വർക്കിങ് ചെയർമാൻ വി കെ രാജഗോപാൽ, പി കെ സുധാകരൻ പിള്ള, ശിവദാസ കൈമൾ, മനോജ് കോഴഞ്ചേരി, കെ.ആര്‍ സന്തോഷ്, സോമരാജൻ, മോഹന ചന്ദ്രൻ, വിജയൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.