റാന്നി : പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണംചാർത്ത് ഉത്സവം ചൊവ്വാഴ്ച നടക്കും. മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് പെരുനാട് ക്ഷേത്രത്തിലെ ധർമശാസ്താവിഗ്രഹത്തിലും അണിയിക്കുന്നത്. തിരുവാഭരണങ്ങളുമായി ശബരിമലയിൽനിന്ന് പന്തളത്തേക്കുള്ള മടക്കയാത്രയിലാണ് പെരുനാട്ടിലെ അയ്യപ്പവിഗ്രഹത്തിലും ചാർത്തുന്നത്. ചൊവ്വാഴ്ച പകൽ 1.30-ന് തിരുവാഭരണം ചാർത്തും. ബുധനാഴ്ച പുലർച്ചെ രണ്ടുവരെയാണ് ദർശനസമയം.
സർവാഭരണവിഭൂഷിതനായ അയ്യപ്പനെ ദർശിക്കാൻ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ഇവിടെ അവസരമുണ്ട്. ശബരിമലയും പന്തളവും കഴിഞ്ഞാൽ പെരുനാട് ക്ഷേത്രത്തിൽമാത്രമാണ് തിരുവാഭരണങ്ങൾ ചാർത്തുന്നത്. തിരുവാഭരണംചാർത്ത് ഉത്സവഭാഗമായി രാവിലെ 5.30-ന് അഷ്ടദ്രവ്യഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, 1.30-ന് തിരുവാഭരണംചാർത്തൽ, വൈകീട്ട് അഞ്ചിന് കൂടക്കാവിൽനിന്ന് എഴുന്നള്ളത്ത്, 5.30-ന് നാഗസ്വരക്കച്ചേരി, ആറിന് തിരുവാതിര, ഏഴിന് ഭരതനാട്യം, 7.30-ന് അരങ്ങേറ്റവും നൃത്തവിരുന്നും, രാത്രി 9.30-ന് സേവ, ദീപാരാധന, 9.45-ന് ഭരതനാട്യം, 10.20-ന് നായാട്ടുവിളി, 12-ന് സംഗീതാർച്ചന, ഒന്നിന് ഗാനമേള എന്നിവ നടക്കും