തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് എത്തിയ വൃദ്ധ വീൽചെയർ ഒടിഞ്ഞ് നിലത്തുവീണു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
തലവടി പതിനൊന്നാം വാർഡിൽ ഇരുപതിൽച്ചിറ വത്സമ്മ നാരായണനാണ് (64) വീൽചെയറിൽ നിന്നു വീണ് പരുക്കേറ്റത്. ഡയാലിസിസിനായി മകൾ ഗീതയോടൊപ്പം ഓട്ടോയിൽ എത്തിയ വത്സമ്മയെ വാഹനത്തിൽ നിന്നിറക്കി വീൽചെയറിൽ ഇരുത്തി ഡയാലിസിസ് യൂണിറ്റിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടമുണ്ടായത്. തുടർന്ന് ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിശോധനയിൽ ഇടുപ്പെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെയും ബന്ധുക്കളുടെയും ഇടപെടലിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഐപി വിഭാഗത്തിലാക്കി.
ആശുപത്രിയുടെ അനാസ്ഥമൂലം വീൽ ചെയറിൽ നിന്നു വീണു പരുക്കേറ്റിട്ടും ആവശ്യമായ പരിശോധന നടത്താനോ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.