പത്തനംതിട്ട : കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി പി.ടി ജോഷിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍. കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കായി എണ്‍പത്തി അയ്യായിരം രൂപ ചിലവ് വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
ജോഷി കടുത്ത പ്രമേഹ രോഗിയായിരുന്നു, മറ്റ് രോഗങ്ങള്‍ അലട്ടിയിരുന്നു തുടങ്ങിയ ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കുടുംബം പൂര്‍ണ്ണമായി നിഷേധിച്ചു. വിദേശത്തേയ്ക്ക് പോകുന്നതുവരെ ജോഷിക്ക് രോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന മറിച്ചുള്ള വാദങ്ങള്‍ ശരിയല്ല. ജോഷിയെ ചികിത്സിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
18ാം തീയതിയാണ് ജോഷിക്ക് കൊവിഡ് പോസിറ്റീവാണെന്ന ഫലം വരുന്നത്. അന്നുതന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ എക്സ് റേ എടുത്തത് 19-നാണ് എന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന് . 24ന് ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കളെ അറിയിച്ചിട്ടും 25-ന് മാത്രമാണ് അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതെന്നതാണ് മറ്റൊരു ആരോപണം.
അതേ സമയം ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം ആരോഗ്യവകുപ്പ് നിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് ലഭ്യമാക്കുന്നത്. ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള പരിശോധനകള്‍ക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചതെന്നും ആരോഗ്യവകുപ്പ് പറയുന്നു.